കൊല്ലം : യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതിരുന്ന ചടയമംഗലം പോലീസിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
ആയുർ സ്വദേശി ജിജോ ടി. ലാലിനെ കഴിഞ്ഞ ഫെബ്രുവരി 16 ന് സംഘം ചേർന്ന് അക്രമിച്ചതുമായി ബന്ധപെട്ടു കമ്മീഷന് ലഭിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവ്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയോട് ആണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ഉത്തരവ് ഇട്ടിരിക്കുന്നത്. കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയെങ്കിലും അതിൽ കേസെടുത്തതിനെകുറിച്ച് പരാമർശിച്ചിരുന്നില്ല. ദേഹോപദ്രവത്തിൽ പരിക്ക് പറ്റിയതിന്റെ രേഖകൾ പരാതിക്കാരനായ ജിജോ ടി. ലാൽ ഹാജരാക്കിയിരുന്നു.
പരാതിക്കാരൻ ചടയമംഗലം എസ് എച്ച് ഒക്ക് എതിരെ നൽകിയ കേസ് പുനലൂർ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചടയമംഗലം സ്റ്റേഷനിലെ സിസിടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കോടതിക്ക് കൈമാറിയതായും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2024 നവംബർ 28ന് ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ ജിജോയെ ഉപദ്രവിച്ച സംഭവത്തിൽ എസ് എച്ച് ഒക്കെതിരെ കോടതി കേസെടുത്തിട്ടുണ്ട്. ക്രൂര മർദനത്തിനിരയായ പരാതിക്കാരൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിൽ ക്ഷുഭിതനായ എസ്എച്ച്ഒ ചിലരുടെ സഹായത്തോടെ പൊതുമധ്യത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചതിനെതിരെ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ചടയമംഗലം പോലീസ് തയാറാവാഞ്ഞത്.